സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും. സെപ്റ്റംബര്‍ 25ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും സെപ്റ്റംബര്‍ 27ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സന്നാഹ മത്സരങ്ങള്‍ നടക്കും. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബര്‍ 26ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരവും തിരുവനന്തപുരത്താണ്. സെമിഫൈനല്‍ പോരാട്ടം ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങള്‍ തിരുവന്തപുരത്ത് നടക്കുന്നത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകും.